ന്യൂയോർക്ക്: അമേരിക്കൻ ടെക് കമ്പനിയായ ആപ്പിളിന്റെ പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (സിഒഒ) ഇന്ത്യൻ വംശജനായ അമേരിക്കക്കാരൻ സാബിഹ് ഖാനെ നിയമിച്ചു.
മൂന്ന് പതിറ്റാണ്ടായി ആപ്പിളിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സാബിഹ് ഖാൻ, നിലവിലെ സിഒഒ ജെഫ് വില്യംസ് ഈ മാസം അവസാനം സ്ഥാനം ഒഴിയുന്ന ഒഴിവിലേക്കാണ് നിയമിക്കുന്നത്.
നിലവിൽ കമ്പനിയുടെ വൈസ് പ്രസിഡന്റായ സാബിഹ് ഖാനെ ആപ്പിൾ സിഇഒ ടിം കുക്ക് പ്രശംസിച്ചു. 1966ൽ ഉത്തർപ്രദേശിലെ മൊറാദാബാദിൽ ജനിച്ച സാബിഹ് ഖാൻ, 1995ലാണ് ആപ്പിളിനൊപ്പം പ്രവർത്തനം ആരംഭിച്ചത്.
10-ാം വയസിൽ സിംഗപ്പുരിലേക്ക് താമസം മാറിയ അദ്ദേഹം ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാന്പത്തിക ശാസ്ത്രത്തിലും മെക്കാനിക്കൽ എൻജിനിയറിംഗിലും ബിരുദം നേടി.
പിന്നീട് റെൻസീലർ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
30 വർഷത്തെ സേവനത്തിനിടെ ആപ്പിളിന്റെ ആഗോള വിതരണ ശൃംഖല രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. 2019ൽ അദ്ദേഹം കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റായി.